തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരം സമിതിയധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടി. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കൈകോർത്തതോടെ ആകെയുള്ള ആറ് സ്ഥിരംസമിതികളിൽ അഞ്ച് സമിതികൾ എൽഡിഎഫും യുഡിഎഫും പങ്കിട്ടെടുത്തു.
വികസനകാര്യം, ക്ഷേമകാര്യം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികൾ എൽഡിഎഫും പൊതുമരാമത്ത്, ആരോഗ്യം എന്നീ സ്ഥിരം സമിതികൾ യുഡിഎഫും നേടി. നഗരസഭാ വൈസ് ചെയർപേഴ്സൺ അധ്യക്ഷയാകുന്ന ധനകാര്യ സമിതി മാത്രമാണ് എൻഡിഎയ്ക്ക് നേടാനായത്.
നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ പരസ്പരം മുഖം തിരിച്ചിരുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ സ്ഥിരം സമിതിയധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ധാരണയാകാൻ തീരുമാനിക്കുകയായിരുന്നു. ഒന്പതിനാണ് സ്ഥിരം സമിതികളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിൽ നിന്നും പൊതുമരാമത്ത് സമിതിയിൽ പി.ബി. സതീശനും ആരോഗ്യകാര്യത്തിൽ മഞ്ജു ബിനുവും അധ്യക്ഷന്മാരാകുമെന്ന് കരുതുന്നു.
അതേ സമയം ഇരുമുന്നണികളും തമ്മിൽ സഹകരണത്തിന്റെ പാലമിട്ടതോടെ എൻഡിഎയുടെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിന് എത്ര നാൾ മുന്നോട്ടു പോകാനാകുമെന്ന കാര്യം കണ്ടറിയേണ്ടി വരും. അടുത്ത് വരാനിരിക്കുന്ന നഗരസഭാ ബജറ്റവതരണ സമയം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കൈക്കൊള്ളുന്ന നിലപാടുകളായിരിക്കും നഗരസഭാ ഭരണത്തിൽ നിർണായകമാകുക.
വികസനം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ബിജെപി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ, സിപിഎം- കോൺഗ്രസ് കൂട്ടുകെട്ട് മൂലം ജനങ്ങൾ കണ്ടതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സിറ്റി ജില്ല പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.